പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്‌റ്റ് ചെയ്‌തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുള്ളവരെയും ഉടൻ പിടികൂടും എന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ നിരോധിത സംഘടനകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സഞ്‌ജിത്തിന്റെ ഭാര്യ ആരോപിച്ചു. അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും ഫെബ്രുവരി 18ന് പരിഗണിക്കും.
കൊലയാളി സംഘത്തിലെ അഞ്ചാമനാണ് ഇന്നലെ അറസ്‌റ്റിൽ ആയത്. അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. ഇതോടെ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പേരും അറസ്‌റ്റിലായി. തിരിച്ചറിയൽ പരേഡ് ആവശ്യമുള്ളതിനാൽ പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.
ജാഫർ, യാസിൻ, ഇൻസ് മുഹമ്മദ് ഹഖ്, അബ്‌ദുൾ സലാം എന്നിവരായിരുന്നു നേരത്തെ പിടിയിലായത്. ഗൂഢാലോചനയിൽ പങ്കെടുത്തവരുൾപ്പടെ ഇനിയും ഒമ്പത് പേരാണ് പിടിയിലാവാനുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്.
2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Most Read: 500 കിലോ ഭാരം, 12 അടി നീളം; ഭീമൻ ഓലക്കൊടിയൻ ‘വലയിലായി’