പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്‌ക്കൽ വീട്ടിൽ നിസാറുമായാണ് (നിഷാദ്-37) പോലീസ് തെളിവെടുപ്പ് നടത്തിയത്.
തിരുണ്ടിക്കലിലെ പഴയ ക്വാറിപരിസരം, വാഹനങ്ങൾ നിർത്തിയിട്ട സ്‌ഥലം, പ്രതിയുടെ വീട് എന്നിവിടങ്ങളിൽ ആയിരുന്നു തെളിവെടുപ്പ്. രണ്ട് വാഹനങ്ങൾ പോലീസ് കസ്‌റ്റഡിയിലെടുത്തു.
അമ്പലപ്പാറ തിരുണ്ടി തോടിന് സമീപത്തെ പഴയ ക്വാറിപരിസരത്ത് നിർത്തിയിട്ട ലോറിയിലാണ് നിസാർ പ്രതികളെ ഒളിച്ചു താമസിപ്പിച്ചിരുന്നതെന്നും ഈ സ്‌ഥലം ഇയാൾ കാണിച്ചുതന്നെന്നും പോലീസ് പറഞ്ഞു.
കൂടാതെ കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടുത്താൻ ഉപയോഗിച്ച രണ്ട് കാറുകൾ നിർത്തിയിട്ട സ്‌ഥലത്തും തെളിവെടുത്തു. ചുനങ്ങാട് മലപ്പുറത്ത് വീട്ടുമുറ്റത്തുനിന്ന് ഈ കാറുകൾ കസ്‌റ്റഡിയിലെടുത്തു. തുടർന്ന്, പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയ സംഘം പാലക്കാട്ടേക്ക് മടങ്ങി.
പാലക്കാട് സൗത്ത് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഷിജു ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി പരിശോധന നടത്തിയത്.
Malabar News: കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി