സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്ര കഥാപാത്രങ്ങളായി ‘സ്‌റ്റേറ്റ്ബസ്’; റിലീസ് ഉടൻ

By Desk Reporter, Malabar News
Ajwa Travels

ചന്ദ്രന്‍ നരീക്കോടിന്റെ സംവിധാനത്തിൽ മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘സ്‌റ്റേറ്റ്ബസ്’ റിലീസിനൊരുങ്ങി. സ്‌റ്റുഡിയോ സി സിനിമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്‌മകുമാറും നിര്‍മിക്കുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും.

നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്‌റ്റേറ്റ് ബസ്’. സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ സാമൂഹ്യ- രാഷ്‌ട്രീയ ചുറ്റുപാടുകളെ ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയായ ‘സ്‌റ്റേറ്റ് ബസ്’ കുടുംബ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്.

സസ്‌പെന്‍സും ത്രില്ലും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി ത്രില്ലര്‍ കൂടിയാണ് ചിത്രമെന്നും അണിയറ പ്രവർത്തകർ വ്യക്‌തമാക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ രചിച്ചിരിക്കുന്നത് പ്രമോദ് കൂവേരിയാണ്. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ കോമഡിയും കലര്‍ത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരും അനുഭവങ്ങളുമെല്ലാം ചിത്രം ഒപ്പിയെടുക്കുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്‌റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് പറഞ്ഞു.

‘ചിത്രം ഒരു യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു കെഎസ്ആര്‍ടിസി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിത മുഹൂര്‍ത്തങ്ങളിലൂടെയാണ് സ്‌റ്റേറ്റ്ബസ് കടന്നുപോകുന്നത്’, സംവിധായകൻ പറയുന്നു.

പ്രശസ്‌ത സംഗീതജ്‌ഞന്‍ മോഹന്‍ സിത്താരയാണ് ചിത്രത്തിനായി പശ്‌ചാത്തല സംഗീതം ഒരുക്കുന്നുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവും ചിത്രത്തിന്റെ പുതുമയാണ്. വിദ്യാധരന്‍ മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവർക്കുപുറമെ സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രസൂണ്‍ പ്രഭാകര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഡീജോ പി വര്‍ഗീസാണ്. പിആര്‍ സുമേരന്‍ ആണ് വാർത്താ വിതരണം നിർവഹിക്കുന്നത്. ചമയം- പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്‌ട് ഡിസൈനര്‍- ധീരജ് ബാല, വസ്‌ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറക്കാട്ട, വിഎഫ്എക്‌സ്- ജയേഷ് കെ പരമേശ്വരന്‍, കളറിസ്‌റ്റ്- എം മഹാദേവന്‍, സബ്ടൈറ്റില്‍സ്- ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ്കുമാര്‍ വിവി, ഗാനരചന- എം ഉണ്ണികൃഷ്‌ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍- വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്‌റ്റര്‍, ജിന്‍ഷ ഹരിദാസ്, സ്‍റ്റിൽസ് – വിനോദ് പ്ളാത്തോട്ടം തുടങ്ങിയവരാണ് ‘സ്‌റ്റേറ്റ് ബസി’ന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. വടക്കന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

Most Read: അന്ന് മൽസരിച്ചിരുന്നെങ്കിൽ ശിവസേനയുടെ പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു; റാവത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE