തിരുവനന്തപുരം: നിറത്തിന്റെ പേരിൽ നിരന്തരം മോശം കമന്റുകൾ കേൾക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് ശാരദ നിറത്തിന്റെ പേരിൽ അനുഭവിക്കുന്ന മോശം സമീപനങ്ങൾ തുറന്നെഴുതിയത്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആൾ നിറത്തെ കൂട്ടുപിടിച്ച് നടത്തിയ അഭിപ്രായ പ്രകടനമാണ് ശാരദയെ തുറന്നെഴുത്തിന് പ്രേരിപ്പിച്ചത്.
മുൻ ചീഫ് സെക്രട്ടറിയും തന്റെ ഭർത്താവുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവർത്തന രീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേൾക്കേണ്ടി വന്നുവെന്ന് ശാരദ ഫേസ്ബുക്കിൽ കുറിച്ചു. ശാരദയുടെ പ്രവർത്തനം കറുത്തതെന്ന് താൻ സുഹൃത്തിൽ നിന്ന് കമന്റ് കേട്ട്. ഭർത്താവിന്റെ പ്രവർത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉൾക്കൊള്ളുകയും ആ നിറത്തെ ചേർത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരൻ ഫേസ്ബുക്കിലെഴുതി.
‘എന്റെ കറുപ്പ് എനിക്ക് സ്വീകാര്യമാണ്’ എന്ന് സന്ദർശകന്റെ പേര് പറയാതെ രാവിലെ ഇട്ട പോസ്‌റ്റ് വിവാദത്തിന് ഇട നൽകാതിരിക്കാൻ സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് ശാരദ അപ്പോൾ തന്നെ പിൻവലിച്ചിരുന്നു. എന്നാൽ, ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചില അഭ്യുദയാകാംക്ഷികൾ അറിയിച്ചതോടെ കൂടുതൽ വിശദമായ ഒരു കുറിപ്പ് ശാരദ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.
നല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന ഒരു തോന്നലിനുള്ളിലാണ് താൻ 50 വർഷക്കാലം ജീവിച്ചത്. കറുപ്പ് ഏറെ മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളാണ്. അവരാണ് കറുപ്പ് ഗംഭീരമെന്ന് തിരിച്ചറിയാൻ പ്രേരണയായത്. താൻ കാണാത്ത സൗന്ദര്യം അവർ കറുപ്പിൽ കണ്ടെത്തിയെന്നും ശാരദ കുറിച്ചു.
ഗർഭപാത്രത്തിനുള്ളിലേക്ക് തന്നെ വീണ്ടുമെടുത്ത് വെളുത്ത സുന്ദരിയാക്കി തന്നെ ഒന്നുകൂടി പ്രസവിച്ച് പുറത്തെടുത്ത് തരുമോ എന്ന് അമ്മയോട് നാലുവയസുള്ളപ്പോൾ താൻ ചോദിച്ചതായി ശാരദ എഴുതി. എന്തിന് കറുപ്പിൽ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നും ശാരദ ചോദിക്കുന്നു. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റെയും ദൗർഭാഗ്യത്തിന്റെയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സർവവ്യാപിയായ സത്യമാണെന്നും ശാരദ കൂട്ടിച്ചേർത്തു.
അതേസമയം, ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ്‌താണ് വിഡി സതീശന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
Health| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം