പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച സൗദി യുവാവ് ഹംസയുടെ ധീരതയെ വാനോളം പുകഴ്‌ത്തുകയാണ് ഇന്ന് ലോകം മുഴുവൻ. ‘ഹീറോ ഹംസ’ എന്ന് പേരിട്ട് വിളിച്ചാണ് സോഷ്യൽ മീഡിയ ഒന്നടങ്കം യുവാവിനെ വാഴ്‌ത്തുന്നത്.
ബ്രിട്ടീഷ് നഗരമായ സൺഡർലാൻഡിലാണ് സംഭവം. ബലാൽസംഗ ശ്രമത്തിൽ നിന്ന് യുവതിയെ സൗദി വിദ്യാർഥിയായ ഹംസ അൽബാർ സാഹസികമായി രക്ഷിക്കുകയായിരുന്നു. ഇയാൻ ഹഡ്‌സൺ എന്ന വ്യക്‌തിയുടെ ആക്രമണത്തിൽ നിന്നാണ് ഹംസ യുവതിയെ രക്ഷപ്പെടുത്തിയത്.
42-കാരനായ ഇയാൻ ഹഡ്‌സൺ ബസ് സ്‌റ്റോപ്പിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് അതുവഴി പോവുകയായിരുന്ന ഹംസയുടെ ശ്രദ്ധയിൽപ്പെട്ടു. ആക്രമണം തടയാൻ ഹംസ അക്രമിയെ നേരിടുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാനെ ഹംസ പിന്തുടർന്ന് കീഴ്‌പ്പെടുത്തുകയും ആയിരുന്നു.
ശേഷം പോലീസുമായി ബന്ധപ്പെടാൻ ഹംസ വഴിയാത്രക്കാരുടെ സഹായം തേടി. പോലീസുകാർ സ്‌ഥലത്തെത്തി അക്രമിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഈ സംഭവത്തോടെ ഹംസയെന്ന യുവാവ് ലോകത്തിലെ ഹീറോയായി. ഇതുപോലെയുള്ള ചെറുപ്പക്കാരെയാണ് നാടിന് വേണ്ടതെന്നും ഈ യുവാവിന്റെ ധീരതയെ എത്ര പ്രശംസിച്ചിട്ടും മതിയാവുന്നില്ലെന്നും സാമൂഹിക മാദ്ധ്യമത്തിലും ആളുകൾ കുറിച്ചു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ






































