തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതി ബിന്ദുവിനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് എസ്‌സി, എസ്‌ടി കമ്മീഷൻ.
കേസിലെ പരാതിക്കാരിയായ ഓമന ഡാനിയേൽ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കാനാണ് കമ്മീഷൻ ഉത്തരവ്. ബിന്ദു സ്വർണമാല മോഷ്‌ടിച്ചെന്ന് പരാതി നൽകിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തിയിരുന്നു.
തെളിയിക്കപ്പെടാത്ത കേസിന്റെ മറവിൽ പട്ടികജാതി സ്‌ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറുകളോളം പോലീസ് കസ്‌റ്റഡിയിൽ വെച്ചുവെന്ന് അസിസ്‌റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ നിന്ന് വ്യക്‌തമാക്കുന്നുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ബിന്ദുവിന് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്‌ക്കും നിയമപരമായി പരിഹാരം കണ്ടെത്താൻ പേരൂർക്കട പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാവുന്നതാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
പരാതി ലഭിച്ചാൽ പേരൂർക്കട പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ പേരൂർക്കട എസ്എച്ച്ഒയ്‌ക്കും നിർദ്ദേശം നൽകി. വീട്ടുജോലിക്കാരിയായ പനവൂർ പനയമുട്ടം സ്വദേശിനി ആർ ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് പരാതി നൽകിയത്.
മാല നഷ്‌ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പോലീസ് സ്‌റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്‌ക്ക് 12 മണിവരെ അനധികൃതമായി കസ്‌റ്റഡിയിൽ വയ്‌ക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി