മലപ്പുറം: പുളിക്കലിൽ സ്കൂൾ ബസ് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനി മരിച്ചു. പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന ഇതേ സ്കൂളിലെ വിദ്യാർഥിനി ഹയ ഫാത്തിമയാണ്(6) മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
ഹയ ഫാത്തിമയും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിന് മുകളിലേക്കാണ് സ്കൂൾ ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു മറിഞ്ഞു ബൈക്കിലേക്ക് വീഴുകയായിരുന്നു. മലപ്പുറം പുളിക്കൽ അന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസാണ് കുട്ടികളുമായി പോകവേ അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഹയ ഫാത്തിമയുടെ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബിഎം ഹോസ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പടെ ഒമ്പത് പേരാണ് ചികിൽസയിൽ ഉള്ളത്. ബിഎം ഹോസ്പിറ്റലിൽ ഏഴ് കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ഒന്നാംപ്രതി- കുറ്റപത്രം സമർപ്പിച്ചു







































