കൊല്ലം: അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. പോലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. കുട്ടി അമ്മ വീട്ടിലുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും പിതാവിന്റെ വീട്ടിലുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാൽ, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസിലാക്കിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.
വീടിനു സമീപത്തെ റബർ തോട്ടം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാത്രി മുഴുവൻ തിരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്‌തമായ മഴയെ തുടർന്ന് ഒരു മണിയോടെ തിരച്ചിൽ നിർത്തി. പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചിൽ പുനരാരംഭിച്ചു.
അതേസമയം കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും സംശയമുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായോ 9526610097 എന്ന നമ്പറിലോ ബന്ധപ്പെടുക.
Most Read: വിജിലൻസ് ഡയറക്‌ടർ എംആര്‍ അജിത് കുമാറിനെ മാറ്റി








































