കണ്ണൂർ: സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ ഇന്ന് വൈകീട്ട് ആറുമുതൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി. വ്യാഴാഴ്‌ച അർധരാത്രി 12 മണിവരെയാണ് നിരോധനാജ്‌ഞ. അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ലാ കലക്‌ടർ അരുൺ കെ. വിജയൻ അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്ത് എക്‌സിറ്റ് പോളുകൾക്ക് വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ നിരോധനം ഏർപ്പെടുത്തി. ഇന്ന് വൈകുനേരം ആറുമുതൽ ഒപിനിയൻ ഷോകളും പാടില്ല. 48 മണിക്കൂർ മദ്യ നിരോധനവും ഏർപ്പെടുത്തി. ഇന്ന് ആറുമണിയോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്‌ദ പ്രചാരണമാണ്.
മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും. പോസ്‌റ്റൽ വോട്ടിങ്ങിൽ അത്യാവശ്യ സർവീസ് വിഭാഗത്തിൽ 95 ശതമാനം പോളിങ് പൂർത്തിയാക്കി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയ 3000 സൈറ്റുകൾ നീക്കം ചെയ്‌തു. തിരഞ്ഞെടുപ്പ് ആഘോഷമായി ഏറ്റെടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് മൂന്നാം തുടർഭരണം ലക്ഷ്യമിട്ടായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും പ്രചാരണം കൊഴുപ്പിച്ചു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം






































