ചെന്നൈ: കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്.
വിജയ്‌യുടെ വസതിയിലേക്കുള്ള റോഡിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വിജയ്‌യെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്‌തമായി. അന്വേഷണ കമ്മീഷന്റെ റിപ്പോർട് ലഭിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞത്. നാമക്കല്ലിൽ നിന്ന് ട്രിച്ചി എയർപോർട്ടിൽ ചാർട്ടേഡ് ഫ്‌ളൈറ്റിൽ ഇറങ്ങി അവിട നിന്ന് റോഡ് മാർഗമാണ് വിജയ് കരൂരിലേക്ക് എത്തിയത്.
ദുരന്ത ശേഷം പ്രതികരിക്കാതെ കരൂരിൽ നിന്ന് മടങ്ങിയ വിജയ് പിന്നീട് സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. ഹൃദയം നുറുങ്ങിപ്പോയെന്ന് വിജയ് പറഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സങ്കടത്തിലാണ് ഞാൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. ചികിൽസയിൽ ഉള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും വിജയ് കുറിച്ചു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം








































