ന്യൂഡെൽഹി: ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.
പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഗുർദാസ്‌പൂരിൽ പാക്ക് സ്‌ഫോടകവസ്‌തു പതിച്ച് നിലം കുഴിഞ്ഞു. എന്നാൽ, ആളപായം സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്‌തിട്ടില്ല. തുടർന്ന് പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുത്, പൊതുസ്‌ഥലങ്ങൾ- മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
അതിർത്തിയിൽ വ്യാപകമായി പാക്ക് സൈന്യം ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. സായുധ ഡ്രോണുകൾക്കൊപ്പം മറ്റ് ആയുധങ്ങളും ഉണ്ടെന്നാണ് വിവരം. അമൃത്‌സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്‌തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്‌തമാക്കി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ