ന്യൂഡെൽഹി: ഭാര്യയ്‌ക്കൊപ്പം സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്‌പി എംപി ഭാര്യയെ ബലാൽസംഗം ചെയ്‌തുവെന്ന് ആരോപിച്ചായിരുന്നു ആത്‍മഹത്യ. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിനിയായ ഇയാളുടെ ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
ഓഗസ്‌റ്റ് ആറിനായിരുന്നു സംഭവം. ഇരുവരും മണ്ണെണ്ണ ഒഴിച്ച് സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവർക്കും 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇവരെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് ഇപ്പോൾ യുവാവിന്റെ മരണം സംഭവിച്ചിരിക്കുന്നത്.
യുവതിയുടെ നിലയും ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ബിഎസ്‌പി എംപി അഖിൽ റായി തന്നെ ബലാൽസംഗത്തിന് ഇരയാക്കി, തനിക്ക് നീതി നിഷേധിക്കുന്നു എന്ന് ആരോപിച്ചാണ് യുവതിയും യുവാവും ചേർന്ന് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യം ഫേസ്‌ബുക്ക് ലൈവ് വഴി ഇരുവരും വ്യക്‌തമാക്കിയിരുന്നു. കേസിൽ പോലീസും ജുഡീഷ്യറിയും ഒത്തുകളിക്കുകയാണെന്നും നീതി നിഷേധിക്കുന്നതിനോടൊപ്പം തങ്ങൾക്കെതിരായി കള്ളക്കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.
ആത്‍മഹത്യക്ക് മുൻപും ഇക്കാര്യം ഇരുവരും ആവർത്തിച്ചിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്‌ഥർ പറയുന്നു. 2019ലാണ് ബിഎസ്‌പി എംപിക്ക് എതിരായി ബലാൽസംഗ ആരോപണം ഉന്നയിച്ച് കൊണ്ട് ഇവർ പോലീസിൽ പരാതി നൽകിയിരുന്നത്. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും എംപിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലേക്ക് അയക്കുകയും ചെയ്‌തിരുന്നുവെന്ന് പോലീസ് പറയുന്നു.
എന്നാൽ, 2020ൽ എംപിയുടെ സഹോദരൻ വാരണാസി പോലീസിൽ ഒരു പരാതി നൽകിയിരുന്നു. യുവതി നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ തുടരുകയായിരുന്നു. പോലീസ് പലതവണ യുവതിയോടും ഭർത്താവിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കേസ് കോടതിയിൽ എത്തുകയും ഇവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും സുപ്രീം കോടതിക്ക് മുന്നിലെത്തി ആത്‍മഹത്യാ ശ്രമം നടത്തിയത്.
Also Read: അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി







































