ന്യൂഡെല്‍ഹി: ലിബിയയില്‍ ഒരു മാസത്തോളം ബന്ദികളായി കഴിയേണ്ടി വന്ന 7 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചെത്തി. ഇന്നലെ ഡെല്‍ഹിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ലിബിയയിലെ ആഷ്വെരിഫ് എന്ന സ്ഥലത്ത് വെച്ച് സെപ്റ്റംബര്‍ 14-നാണ് ഇവരെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്.
ലിബിയയില്‍ ഇന്ത്യയുടെ ഔദ്യോഗിക സാന്നിധ്യം ഇല്ലെന്നിരിക്കെ ഇവരുടെ മോചനത്തിന് ഇടപെട്ടത് ട്യൂണിഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയായ പുനീത് റോയ് കുണ്ടാല്‍ ആണ്.
ഇതിന് മുന്‍പ് ഇത്തരം സംഭവങ്ങളില്‍ മോചനം വളരെ വൈകി മാത്രമേ സംഭവിക്കാറുള്ളൂ എന്നും ആദ്യമായാണ് ഇത്രയും വേഗത്തില്‍ ബന്ദികളാക്കപ്പെട്ട ആളുകളുടെ മോചനം സാധ്യമായതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബന്ദിയാക്കപ്പെട്ടവര്‍. ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാത്രക്കിടെ ട്രിപ്പോളി വിമാനത്താവളത്തിന് അരികില്‍ വെച്ചാണ് ഇവരെ കടത്തിക്കൊണ്ട് പോയത്.
നിലവില്‍ ലിബിയയിലേക്ക് ഇന്ത്യന്‍ പൗരന്മാരോട് യാത്ര ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ ആഭ്യന്തര കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 2016-ലാണ് ഉത്തരവ് നിലവില്‍ വന്നത്.
Read Also: ‘സിഎഎ സമരക്കാരെ തടവറയിൽ തള്ളാൻ ഡെൽഹി പോലീസിന് എഎപി സർക്കാരിന്റെ പിന്തുണ’