തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ ബിജെപിയിലും പീഡന പരാതി. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെയാണ് പരാതി ഉയർന്നത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച് പാലക്കാട് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി ഇ-മെയിൽ വഴി പരാതി നൽകിയത്. കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കൾ മുമ്പാകെയും ആർഎസ്എസ് കാര്യാലയത്തിലെത്തിയും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചത്.
നിലവിൽ രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്നും കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്. അതേസമയം, ഇത് വ്യാജ പരാതിയാണെന്ന് സി. കൃഷ്‌ണകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വത്ത് തർക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്നും കൃഷ്‌ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്‌ണകുമാർ ആരോപിക്കുന്നു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷ്‌ണകുമാറിനെതിരെ പരാതി ഉയരുന്നത്. ബിജെപി നേതാവിനെതിരായ പീഡന പരാതി ഉടൻ പുറത്തുവരുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ