കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഐഎം പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റതിൽ കോൺഗ്രസ് ഇന്ന് സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. മൂന്നുമണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് ഐജി ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ കോഴിക്കോടുണ്ട്. അവരുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധമുണ്ടാവുക. സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. എംപിയുടെ മൂക്കിന്റെ ശസ്‌ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് രണ്ട് പൊട്ടലുണ്ട്.
പോലീസ് മർദ്ദനത്തിൽ പത്തോളം യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ, എൻഎസ്‍യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെഎം അഭിജിത്ത്, കെപിസിസി അംഗം സത്യൻ കടിയങ്ങാട് തുടങ്ങിയവരും പരിക്കേറ്റവരിൽ പെടും. കൈയ്യിലിരുന്ന് കണ്ണീർവാതക ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്‌പി സി. ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് രാത്രിയിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പേരാമ്പ്രയിലെ സംഘർഷത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നതിനാണ് ഷാഫി പറമ്പിലിനെതിരെ കേസ്.
കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും കല്ലെറിഞ്ഞ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും കേസെടുത്തു. പേരാമ്പ്ര സികെജിഎം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായി യുഡിഎഫും ഡിവൈഎഫ്‌ഐയും നടത്തിയ പ്രകടനമാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്.
Most Read| ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’; നിർണായക ഉത്തരവുമായി ഹൈക്കോടതി