തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എഎം ബഷീറാണ് വിധി പ്രസ്‌താവിച്ചത്.
പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. കേസിൽ പ്രതിചേർക്കപ്പെട്ട ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടു. ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്‌മയെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതാണ് അമ്മാവനെതിരായ കുറ്റം. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതെവിട്ടത്.
കാമുകനായ മുര്യങ്കര ജെപി ഹൗസിൽ ജെപി ഷാരോൺ രാജിനെ (23) കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്‌ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തി.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്‌മയുടെ ശ്രമങ്ങൾക്ക് അമ്മ സിന്ധു ഒത്താശ ചെയ്‌തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്‌മയ്‌ക്ക് വാങ്ങി നൽകിയത് അമ്മാവൻ നിർമല കുമാരൻ നായരാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്‌മ. നെയ്യൂർ ക്രിസ്‌ത്യൻ കോളേജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്.
2022 ഒക്‌ടോബർ 14ന് ആണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത്. ആദ്യം പാറശാല പോലീസ് അസാധാരണ മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും, പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തതിന് പിന്നാലെ പിന്നാലെ ഒക്‌ടോബർ 30ന് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്‌മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതിചേർത്തത്.
തൊട്ടടുത്ത ദിവസം അറസ്‌റ്റിലായ ഗ്രീഷ്‌ണ സ്‌റ്റേഷന്റെ ശുചിമുറിയിൽ അണുനാശിനി കുടിച്ചു ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരുവർഷം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്‌മയ്‌ക്ക് ജാമ്യം ലഭിച്ചത്. ഗ്രീഷ്‌മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ചികിൽസയിലിരിക്കെ ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.
കളനാശിനി കലർത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടത്തിലും തെളിഞ്ഞിരുന്നു. ഗ്രീഷ്‌മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ടു ദിവസം മുൻപ് പിതാവ് ജയരാജിനോടും ഷാരോൺ പറഞ്ഞിരുന്നു. അമിത അളവിൽ ഗുളികകൾ കലർത്തിയ ജ്യൂസ് കുടിപ്പിക്കൽ ചലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താൻ കൊലപാതകത്തിന് രണ്ടുമാസം മുൻപ് ഗ്രീഷ്‌മ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ, കയ്‌പ്പ് കാരണം ഷാരോൺ അന്ന് അത് തുപ്പിക്കളഞ്ഞു. അമിത അളവിൽ ഈ മരുന്ന് കഴിച്ചാലുള്ള ആഘാതങ്ങളെ കുറിച്ച് ഈ സംഭവം നടന്ന ദിവസം രാവിലെ ഗ്രീഷ്‌മ ഇന്റർനെറ്റിൽ പരതിയതും പോലീസ് കണ്ടെത്തി. ഷാരോണിന് വിഷം നൽകിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവർത്തന രീതിയെപ്പറ്റി ഗ്രീഷ്‌മ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി. പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്‌മയുടെ മൊഴി.
കഴിഞ്ഞ ഒക്‌ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്‌തരിച്ചു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുമാണ് കേസിലുള്ളത്. അതേസമയം, ഗ്രീഷ്‌മയുടെ അമ്മയും പ്രതിയുമായ സിന്ധുവും കുറ്റക്കാരിയാണെന്നും ശിക്ഷ കൊടുക്കേണ്ടതായിരുന്നുവെന്നും ഷാരോണിന്റെ മാതാപിതാക്കൾ വിധി വന്നതിന് ശേഷം പ്രതികരിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം