തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെൻഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ മാറ്റിയത്.
കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂന്ന് ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
ഗ്രീഷ്മക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു.
2022 ഒക്ടോബർ 14ന് ആണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി കൊടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ചികിൽസയിലിരിക്കെ 25ന് ആണ് മരിക്കുന്നത്.
ആദ്യം പാറശാല പോലീസ് അസാധാരണ മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും, പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കേസിൽ പ്രതിചേർത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുമാണ് കേസിലുള്ളത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക








































