വാക്കുകൾ വളച്ചൊടിക്കപ്പെട്ടു, പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്; ശശി തരൂർ

ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി ലോക രാഷ്‌ട്രങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ നയിക്കുന്ന ശശി തരൂർ പാനമയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. ശശി തരൂർ കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചെന്നായിരുന്നു വിമർശനം.

By Senior Reporter, Malabar News
Shashi Tharoor
Image courtesy: Tharoor's FB
Ajwa Travels

ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശപ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ എംപി കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത് വൻ വിവാദമായിരുന്നു. കോൺഗ്രസിൽ നിന്നടക്കം അമർഷമുയർന്നിരുന്നു.

എന്നാൽ, വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും താൻ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണെന്നും അല്ലാതെ മുൻപ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു. വിമർശകരെ സ്വാഗതം ചെയ്യുന്നതായും ഇനിയും ഒരുപാട് മികച്ച കാര്യങ്ങൾ തനിക്ക് ചെയ്‌ത്‌ തീർക്കാനുണ്ടെന്നും തരൂർ പറഞ്ഞു.

പാനമയിലെ പ്രതിനിധി സംഘത്തിന്റെ സംഘർഷത്തിന് ശേഷം കൊളംബിയയിലേക്ക് പുറപ്പെടുന്നതിനിടെയാണ് ശശി തരൂർ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്. ”എനിക്ക് ഇതിനൊന്നും സമയമില്ല. നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ വീര പ്രവർത്തികളെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്റെ വാക്കുകൾക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാർ അറിയുന്നതിനായി, ഇന്ത്യ ഭീകരവാദ ആക്രമണങ്ങൾക്ക് നൽകിയ പ്രതികാര നടപടികളെ കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചത്. അല്ലാതെ മുൻകാലങ്ങളിൽ സംഭവിച്ച യുദ്ധങ്ങളെ കുറിച്ചല്ല.

അടുത്തകാലത്തായി നടന്ന ഭീകരാക്രമണത്തെ കുറിച്ചായിരുന്നു എന്റെ പരാമർശം. ഇവയ്‌ക്കുള്ള ഇന്ത്യയുടെ നടപടി നിയന്ത്രിതവും സംയമനം പാലിച്ചുകൊണ്ടുമായിരുന്നു. അതും നിയന്ത്രണ രേഖയും രാജ്യാന്തര അതിർത്തിയും മാനിച്ചുകൊണ്ട്. എന്നാൽ, പതിവുപോലെ വിമർശകർ എന്റെ വീക്ഷണങ്ങളെയും വാക്കുകളെയും വളച്ചൊടിച്ചു. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എനിക്ക് ഇനിയും ഒരുപാട് കാര്യമാണ് ചെയ്യാനുണ്ട്. ശുഭരാത്രി”- ശശി തരൂർ എക്‌സിൽ കുറിച്ചു.

ലോക രാഷ്‌ട്രങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ നയിക്കുന്ന ശശി തരൂർ പാനമയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. ”നമ്മുടെ പ്രധാനമന്ത്രി ഒരുകാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. ഭീകരവാദികൾ വന്ന് 26 സ്‌ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്‌ച്ചു. അവരുടെ ഭർത്താക്കൻമാരെ നഷ്‌ടപ്പെട്ടതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ആവശ്യമായിവന്നത്. അവരുടെ നിലവിളി ഞങ്ങൾ കേട്ടു. നമ്മുടെ സ്‌ത്രീകളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ നിറവും ഭീകരവാദികളുടെ രക്‌തത്തിന്റെ നിറവും ഒന്നാകണമെന്ന് ഇന്ത്യ തീരുമാനിച്ചു- തരൂർ പറഞ്ഞു.

2008ലെ മുംബൈ ആക്രമണം ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ വഴിത്തിരിവായെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഇന്ത്യക്ക് ഒന്നിന് പിറകെ ഒന്നായി ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2016 സെപ്‌തംബറിൽ ഉറി ആക്രമണത്തിന് സർജിക്കൽ സ്ട്രൈക്കും 2019 ഫെബ്രുവരിയിൽ പുൽവാമയ്‌ക്ക് ശേഷം ബാലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തി. ആദ്യമായാണ് ഇന്ത്യ നിയന്ത്രണരേഖ ലംഘിച്ച് ഒരു ഭീകരകേന്ദ്രം തകർത്തത്. ഞങ്ങൾ രാജ്യാന്തര അതിർത്തി പോലും കടന്ന് പാക്കിസ്‌ഥാനുള്ളിലെ ഭീകരരുടെ ആസ്‌ഥാനം ആക്രമിച്ചു. ഇത് അഭൂതപൂർവമായിരുന്നു”- തരൂർ പാനമയിൽ പറഞ്ഞു.

തരൂരിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് ഉദ്ദിത് രാജ് രൂക്ഷവിമർശനം നടത്തിയിരുന്നു. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്‌താവ്‌ ആണെന്നും പ്രധാനമന്ത്രിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് പോലും തരൂർ പറയുന്നുവെന്നുമാണ് ഉദ്ദിത് രാജ് വിമർശിച്ചത്. അതിനിടെ, തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു രംഗത്തെത്തി.

Most Read| ആര്യാടൻ ഷൗക്കത്തിന്റെ വിജയം വെല്ലുവിളിയെന്ന് സാമൂഹിക മാദ്ധ്യമലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE