പെരുവള്ളൂർ പഞ്ചായത്തിലെ വനിതകൾക്ക് ഇനി സൗജന്യമായി ബസിൽ യാത്ര ചെയ്യാം. പഞ്ചായത്ത് പരിധിയിൽ ഇന്ന് മുതൽ ഷീ ബസ് ഓടിത്തുടങ്ങും. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ‘ഷീ ബസ്’ പദ്ധതി. ഈ സ്വപ്‌നം യാഥാർഥ്യമായിരിക്കുകയാണ്.
ഇന്നലെ പഞ്ചായത്ത് പ്രസിഡണ്ട് കെ. അബ്‌ദുൽ കലാം, വൈസ് പ്രസിഡണ്ട് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. ഷീ ബസ് സർവീസിന്റെ സമർപ്പണം ഇന്ന് ഉച്ചയ്‌ക്കുശേഷം 3.30ന് പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് പി. അബ്‌ദുൽ ഹമീദ് എംഎൽഎ നിർവഹിക്കും.
ബസിന് ദിവസേന ആറ് ട്രിപ്പ് ഉണ്ടാകും. ദിവസം പരമാവധി 110 കിലോമീറ്റർ സർവീസാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഡ്രൈവർ തൽക്കാലം പുരുഷനാണ്. വനിതാ ഡ്രൈവറെ ലഭിക്കും വരെ മാത്രമാണ് പുരുഷ ഡ്രൈവറുടെ സേവനം. പഞ്ചായത്ത് 100 വനിതകൾക്ക് വൈകാതെ ഡ്രൈവിങ് പരിശീലനം നൽകും. ബസിൽ കണ്ടക്‌ടറും ക്ളീനറും ഇല്ല.
ഉച്ചയ്‌ക്ക് മൂന്ന് മണിക്കൂർ സർവീസ് ഇല്ലെങ്കിലും ആ സമയത്തും ബസ് വെറുതേയിടില്ല. ഓരോ ദിവസവും വ്യത്യസ്‌ത കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെത്തും. ആ സമയത്ത് ബസിൽ കുടുംബശ്രീ പ്രവർത്തകർക്ക് യോഗം ചേരാം. പഞ്ചായത്ത്-സർക്കാർ പദ്ധതികളും മറ്റും ബസിലെ എൽസിഡി പ്രൊജക്‌ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്യും.
പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കൂടിയായ കെ. അബ്‌ദുൽ കലാം മുൻപ് മറ്റു പഞ്ചായത്ത് പ്രസിഡണ്ടുമാർക്കൊപ്പം ന്യൂഡെൽഹി സന്ദർശിച്ചപ്പോൾ അവിടെ സ്‌ത്രീകൾക്ക് സൗജന്യ യാത്രയ്‌ക്കുള്ള ഷീ ബസ് കണ്ടതാണ് സ്വന്തം പഞ്ചായത്തിലും നടപ്പാക്കാനുള്ള പ്രചോദനമായത്. കേരളത്തിലെ ഒരു പഞ്ചായത്തിൽ ഇത്തരത്തിൽ ആദ്യമായാണ് ഷീ ബസ് പദ്ധതി നടപ്പിലാക്കുന്നത്.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി