കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ഷൈനിനെ തേടി തമിഴ്‌നാട്ടിലേക്ക് പോകേണ്ട കാര്യമില്ലെന്നാണ് നിലവിലെ തീരുമാനം. ഷൈൻ ഇന്നലെ രാത്രി പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം, പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് താമസം. ടവർ ലൊക്കേഷൻ വഴിയാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഷൈനിനെതിരെ നിലവിൽ കേസില്ലെന്ന് കൊച്ചി നാർക്കോട്ടിക് എസിപി അബ്‌ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.
അതിനിടെ, നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടി. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്‌സൈസിനെ അറിയിച്ചു. വിൻസിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിലും ആശയക്കുഴപ്പം തുടരുകയാണ്.
ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും, ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്നുമായിരുന്നു വിൻസിയുടെ ആരോപണം. അതേസമയം, ഷൈനിനെതിരായ ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.
വിൻസിയുടെ പരാതിയിൻമേൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് അമ്മയുടെ ആവശ്യം. വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറൽ ബോഡിയോട് ശുപാർശ ചെയ്യും.
അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ പുറത്താക്കണമെന്ന ആവശ്യം ശക്‌തമാണ്. നോട്ടീസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ