കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും കടന്നുകളഞ്ഞത്.
മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്‌തുക്കളൊന്നും കണ്ടെത്താൻ സാധിച്ചില്ല. റെയ്‌ഡിനെ കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചെന്നാണ് സൂചന. സിനിമാ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.
ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും (ഐസിസി) പരാതി നൽകിയതോടെയാണ് ഷൈനിന്റെ പേര് പുറത്തുവന്നത്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്‌തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞിരുന്നു. പരാതി പരിഗണിക്കാൻ തിങ്കളാഴ്‌ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ചേരും.
നടിക്ക് പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു. നടി രഞ്‌ജിനി ഉൾപ്പടെയുള്ള പലരും വിൻസിക്ക് പരസ്യ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ നിന്നും എക്‌സൈസ് വിവരങ്ങൾ തേടും.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!