കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കൊച്ചി നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നാണ് പിതാവ് പോലീസിനെ അറിയിച്ചിരിക്കുന്നത്.
ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തി പോലീസ് ഇന്നലെ നോട്ടീസ് നൽകിയിരുന്നു. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ് പോലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് രാവിലെ പത്തുമണിക്ക് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ, മൂന്നുമണിക്ക് ഹാജരാകാമെന്ന് നടൻ കുടുംബത്തെ അറിയിക്കുകയായിരുന്നു.
സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാകും നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു. ഷൈൻ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്നും കേസ് ഓലപ്പാമ്പാണെന്നുമാണ് പിതാവ് പറയുന്നത്.
ഷൈനിനെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഷൈനിന്റെ കഴിഞ്ഞ ഒരുമാസത്തെ ഫോൺ കോൾ ലോഗുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറു ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്‌ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പ്രധാനമായും പോലീസ് വിശദീകരണം തേടുക. ഷൈൻ പൊള്ളാച്ചിയിൽ എത്തിയതായാണ് വിവരം. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് താമസം. ടവർ ലൊക്കേഷൻ വഴിയാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
നഗരത്തിലെ ലഹരി ഇടപാടുകളിലെ കണ്ണിയായ സജീറിനെ തേടിയാണ് കലൂരിൽ ഡാൻസാഫ് സംഘമെത്തിയത്. ഇയാൾ നടൻ ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സർവീസെന്ന് പറഞ്ഞാണ് ഡാൻസാഫ് ടീം റൂമിൽ ബെല്ലടിച്ചത്. ഇവിടെ സർവീസ് വേണ്ടെന്ന് പറഞ്ഞശേഷം ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ