കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് അറസ്‌റ്റ് ചെയ്‌തേക്കും. ഷൈനിനെതിരെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്) ആക്റ്റിലെ 27,29 വകുപ്പുകൾ പ്രകാരം കേസെടുക്കും. ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്‌ക്കുമാണ് കേസ്.
ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയെന്നാണ് സൂചന. ഹോട്ടലിൽ ബുധനാഴ്‌ച രാത്രി പോലീസും ഡാൻസാഫ് സംഘവും പരിശോധനക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പോലീസ് ഷൈനിനെ ചോദ്യം ചെയ്യാൻ ഇന്ന് വിളിപ്പിക്കുകയായിരുന്നു.
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ തെളിവ് ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഷൈനിനെ വൈകാതെ വൈദ്യപരിശോധനക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും.
ചോദ്യം ചെയ്യലിന് വിധേയനായ ആളെന്ന നിലയിൽ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഹോട്ടലിൽ എത്തിയത് പോലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയതെന്നുമാണ് ഷൈൻ പോലീസിന് നൽകിയ മൊഴി.
സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും ഷൈൻ പോലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളർച്ച ഇഷ്‌ടപ്പെടാത്തവരാണെന്നാണ് ഷൈനിന്റെ ചോദ്യം. ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിൽ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ എസിപി സി ജയകുമാർ, നാർക്കോട്ടിക് എസിപി കെഎ അബ്‍ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ