ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും വിഫലം. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘവും നാവികസേനയും സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.
മണ്ണിടിച്ചിലിനെ നദിയുടെ മധ്യത്തിൽ രൂപപ്പെട്ട മൺതിട്ടയിൽ നിന്ന് നദിയിലിറങ്ങിയാണ് പരിശോധന നടത്തിയത്. മൽപെ നിരവധി തവണ പുഴയിലിറങ്ങി. ഒരു തവണ അദ്ദേഹം ഒഴുകിപ്പോയിരുന്നു. ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയതെങ്കിലും ആൽമവിശ്വാസത്തോടെയാണ് മൽപെയും സംഘവും ഗംഗാവലി പുഴയിലിറങ്ങിയത്.
ഐബോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നു. അതിൽ ട്രക്ക് ഉണ്ടെന്ന് കരുതിയ നാലാം പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പരിശോധന. എന്നാൽ, നാലാം പോയിന്റിൽ ട്രക്ക് കണ്ടെത്താനായില്ല. മൽപെ അവിടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
ചെളിയും പാറയും മാത്രമാണ് ഇവിടെ കണ്ടെത്താനായത്. ട്രക്ക് ചെളിയിൽ പുതഞ്ഞതിനുള്ള സാധ്യതയുണ്ടെന്നും കളക്ടർ അറിയിച്ചു. അതേസമയം, ഞായറാഴ്ചയും പരിശോധന തുടരുമെന്നും സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടും അടിയൊഴുക്ക് ശക്തമായതിനാൽ പ്രതീക്ഷിച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
Most Read| സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്