ഷിരൂർ: അർജുൻ രക്ഷാദൗത്യത്തിൽ പത്താം ദിനമായ ഇന്ന് ഏറെ നിർണായകം. കേരളം മുഴുവൻ അർജുന്റെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോ എന്ന് സ്‌ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന.
ഇതിനായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച മേജർ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്‌ഥലം കണ്ടെത്തി ഡ്രൈവർമാർ ക്യാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്‌ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്‌ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും.
തിരച്ചിൽ നടക്കുന്ന സ്‌ഥലത്തേക്ക് ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങളും മറ്റു വിവരങ്ങളും രണ്ടുമണിക്കൂർ ഇടവിട്ട് നൽകുമെന്നാണ് അറിയിപ്പ്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിലിന് കാലാവസ്‌ഥയും നിർണായകമാകും.
ഇന്ന് ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ കനത്ത മഴയിലും നദിയിലെ കുത്തൊഴുക്കും ദൗത്യത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. കനത്ത മഴയും കാറ്റും കാരണമാണ് ഇന്നലെ ലോറി ഉയർത്താനാകാതെ പോയത്. ഇന്ന് ദൗത്യത്തിനായി ഡ്രോണുകളും എത്തിക്കും. മഴ അനുകൂലമായാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ ഉച്ചയോടെ ആരംഭിക്കും. നദിയിലെ കുത്തൊഴുക്ക് തടയാനും പദ്ധതികൾ ആസൂത്രണം ചെയ്യും.
കരയിൽ നിന്ന് 20 മീറ്റർ അകലെ അഞ്ചു മീറ്റർ ആഴത്തിൽ ലോറി ഉണ്ടെന്നും അത് അർജുൻ ഓടിച്ചത് തന്നെയാണെന്നും ഇന്നലെ വൈകിട്ടോടെയാണ് സ്‌ഥിരീകരിച്ചത്. ഇനി ചോദ്യം അർജുൻ എവിടെ എന്നതാണ്. മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ ക്യാബിനുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്. അങ്ങനെയെങ്കിൽ ലോറിക്കൊപ്പം അർജുനും മണ്ണിടിച്ചിലിൽ നദിയിൽ വീണിട്ടുണ്ടാവും. ലോറി എൻജിൻ ഓൺ ചെയ്‌ത് വെച്ച് ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് അപകടമെങ്കിൽ പുഴയിലേക്ക് ഒലിച്ചുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം
അർജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ കുടുംബത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പടെ വിമർശിച്ചു വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. ഇതോടെ ഇവർ മാദ്ധ്യമങ്ങളെ കാണുന്നതിന് പോലും കഴിഞ്ഞ ദിവസം വിമുഖത കാണിച്ചു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റുമുട്ടുന്നത്. രക്ഷാപ്രവത്തനങ്ങളിൽ പങ്കാളിയാകാറുള്ള രഞ്‌ജിത് ഇസ്രയേലിനെക്കുറിച്ചും രൂക്ഷമായ ആക്രമണമാണ്. വാഹന ഉടമയും കേരളത്തിൽ നിന്ന് ചെന്നവരും ചേർന്ന് കർണാടക സർക്കാരിനെ സമ്മർദ്ദത്തിലാക്കി കരഭാഗത്ത് തിരച്ചിൽ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് ആരോപണം ഉയരുന്നത്.
കർണാടകയിലെ ഉദ്യോഗസ്‌ഥർ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടർ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കർ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയിൽ നിന്നായിരുന്നു. അതിനിടെ, തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അർജുന്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌ത രണ്ടു യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് കുടുംബം ചേവായൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്‌പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്‌ദം എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
Most Read| ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ