ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്‌ധർ പുഴയിലിറങ്ങി. എന്നാൽ, ശക്‌തമായ അടിയൊഴുക്ക് കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല. രണ്ടുതവണ വെള്ളത്തിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും വലിയ അടിയൊഴുക്ക് കാരണം വിജയിച്ചില്ല.
ലോറി ഉയർത്താനുള്ള സാധ്യത പരിശോധിക്കുകയാണ്. മുങ്ങൽ വിദഗ്‌ധർ രണ്ടുതവണ ലോറിക്ക് അരികിലെത്തിയെങ്കിലും ക്യാബിൻ പരിശോധിക്കാനായില്ല. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഡ്രോൺ എത്തിച്ചത്.
മൂന്ന് ബോട്ടുകളിലായി 15 അംഗമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഉചിതമായ സമയമെങ്കിൽ ഇവർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. രാവിലെ മുതൽ പെയ്‌തുകൊണ്ടിരിക്കുന്ന കനത്ത മഴ ശമിച്ചതിന് പിന്നാലെയാണ് നടപടി. മണ്ണ് മാറ്റുന്നത് വേഗത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ശക്‌തമായ മഴ പെയ്‌താലും ഓക്‌സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിന് അരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനി കണ്ടെടുക്കാനുള്ളത്. വെള്ളത്തിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ വഴി നടത്തിയ തിരച്ചിലിലാണ് സ്‌ഥിരീകരണം.
ആറുമണിക്ക് നിർണായക വിവരങ്ങൾ നൽകുമെന്ന് കാർവാർ എംഎൽഎ അറിയിച്ചിട്ടുണ്ട്. ലഭിച്ച മൂന്ന് സിഗ്‌നലുകളിൽ ലോറിയുടെ ക്യാബിൻ ഭാഗം ഏതെന്ന് തിരിച്ചറിയുന്നതിനാണ് ഇനിയുള്ള ശ്രമമെന്നും ക്യാബിൻ തിരിച്ചറിഞ്ഞാൽ മുങ്ങൽ വിദഗ്‌ധർ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും കാർവാർ എസ്‌പി വ്യക്‌തമാക്കി.
Most Read| ട്രംപിന് നേരെ ആക്രമണം; വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര നിർദ്ദേശം