ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അതിസങ്കീർണം. രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ഡൈവേഴ്‌സിന് പറ്റാത്ത അവസ്‌ഥയാണ്. മൂന്ന് നോട്‌സ് വരെയാണ് നാവികസേനാ ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക. എന്നാൽ, നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്. അതിൽ ഡൈവർമാരെ ഇറക്കുക എന്നത് ആത്‍മഹത്യാപരമാണെന്നും ദൗത്യസംഘം വ്യക്‌തമാക്കി.
നാല് ലോഹഭാഗങ്ങളാണ് കണ്ടെത്തിയത്. റോഡിന്റെ സേഫ്‌റ്റി റെയിൽ, ടവർ ഭാഗം, ലോറിയുടെ ഭാഗം, ടാങ്കർ ക്യാബിൻ എന്നിവയാണ് കണ്ടെത്തിയത്. അതിനിടെ അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു. അതേസമയം, ക്യാബിൻ ലോറിയിൽ നിന്ന് വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.
ലോറി കണ്ടെത്തിയ ഭാഗത്തെ അടിയൊഴുക്ക് കുറയ്‌ക്കാനായി കൂടുതൽ ഭാഗങ്ങളിൽ ഡ്രഡ്‌ജിങ് നടത്തുകയാണെന്ന് കളക്‌ടർ ലക്ഷ്‌മിപ്രിയ അറിയിച്ചു. മരത്തടികൾ ഒഴികിപ്പോയതിന് ശേഷമാകാം ലോറി മുങ്ങിയതെന്നാണ് നിഗമനം. അർജുനായുള്ള തിരച്ചിൽ ഇന്ന് പത്താം ദിനമായിരുന്നു.
Most Read| നിപ; ഇനി വീട്ടിലിരുന്ന് ചികിൽസ- ഇ- സഞ്‌ജീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി