കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യം അടുത്തയാഴ്‌ച പുനരാരംഭിക്കും. ഗംഗാവലി പുഴയിൽ അർജുനും ലോറിക്കുമായുള്ള തിരച്ചിലിന് ഡ്രഡ്‌ജർ എത്തിക്കും. തിരച്ചിൽ തുടരാൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
നാവികസേന കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ അടിയൊഴുക്ക് പരിശോധിച്ച് റിപ്പോർട് നൽകിയിരുന്നു. ഓഗസ്‌റ്റ് 16ന് തിരച്ചിൽ നിർത്തി വെക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അടിയൊഴുക്ക് ഇപ്പോൾ പുഴയിൽ ഉള്ളതായാണ് വിവരം. അടിയൊഴുക്ക് ശക്‌തമായതിനാൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നായിരുന്നു തിരച്ചിലിന് തടസം നിൽക്കുന്ന ഘടകം.
അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. കാർവാർ എംഎൽഎ സതീഷ് സെയിലിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിവെച്ചത്.
ഗോവയിൽ നിന്ന് ഡ്രഡ്‌ജർ കൊണ്ടുവരാനുള്ള ചിലവ് പൂർണമായും കർണാടക സർക്കാറാണ് വഹിക്കുന്നത്. ഡ്രഡ്‌ജർ കൊണ്ടുവരാൻ ഒരുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെ തുടർന്നാണ് ദ്രുതഗതിയിലായത്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; ദേശീയ വനിതാ കമ്മീഷൻ