മുംബൈ: ശിവസേന ഒരിക്കലും ബിജെപിയുടെ ശത്രുവല്ലെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാധ്യതയുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കും’ എന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.
“ഞങ്ങൾ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. എന്നാൽ അവർക്കെതിരെ പോരാടിയ ആളുകൾക്കൊപ്പം ചേർന്ന് ശിവസേന സർക്കാർ രൂപീകരിച്ചു, ഞങ്ങളെ ഉപേക്ഷിക്കുകയും ചെയ്‌തു,”- ഫഡ്‌നാവിസ് പറഞ്ഞു. രാഷ്‌ട്രീയത്തിൽ അത്, ഇത് എന്നൊന്നും ഇല്ല. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുകയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. കൂടിക്കാഴ്‌ചക്ക് തൊട്ടു പിന്നാലെ ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്‌ജയ് റാവത്ത് നല്‍കിയ മറുപടിയിലും ചില അടിയൊഴുക്കുകള്‍ പ്രകടമായിരുന്നു. കടുവയുമായി ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല. ആരോട് ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കുമെന്നാണ് റാവത്ത് പറഞ്ഞത്. ശിവസേനയുടെ ചിഹ്‌നമായ കടുവയെ ഉദ്ധരിച്ചായിരുന്നു മറുപടി.
ശിവസേനയും എൻസിപിയുമായി നിലവിലുള്ള സഖ്യം തുടരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റക്കു മൽസരിക്കുമെന്ന എംപിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ പ്രസ്‌താവനയും അഭ്യൂഹങ്ങളുടെ ശക്‌തി വർധിപ്പിച്ചിരുന്നു. ശിവസേന വീണ്ടും ബിജെപിയുമായി കൈകോർക്കാൻ കോൺഗ്രസിന്റെ ഈ തീരുമാനം വഴിവെക്കുമെന്നായിരുന്നു അഭ്യൂഹം.
ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോക്കാതെ ഒറ്റക്കു മൽസരിക്കുന്നതിനെക്കുറിച്ചു മാത്രം പറയുന്നവരെ ജനം ചെരുപ്പുകൊണ്ട് അടിക്കുമെന്നായിരുന്നു ഇതിന് ശിവസേനാ സ്‌ഥാപക ദിനത്തിൽ കോൺഗ്രസിന്റെ പേര് എടുത്തുപറയാതെ ഉദ്ധവ് താക്കറെ നടത്തിയ വിമർശനം. മഹാ വികാസ് അഘാഡി സഖ്യം ആയുഷ്‌കാലത്തേക്ക് ഉള്ളതല്ലെന്നും 5 വർഷത്തേക്കാണെന്നും നാനാ പഠോളെ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ വാങ്ങും