പാലക്കാട്: ശ്രീകൃഷണപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശ്രീകൃഷ്‌ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത്ത് (26) ആണ് ഭാര്യ കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്‌ണവിയെ (26) സംശയത്തിന്റെ പേരിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചിരുന്നു.
എന്നാൽ, പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് വ്യക്‌തമാവുകയും ദീക്ഷിത്തിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെയാണ് വൈഷ്‌ണവിയെ കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.
സംഭവ സമയത്ത് ദീക്ഷിത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൈഷ്‌ണവിക്ക് ശാരീരികാസ്വാസ്‌ഥ്യം ഉണ്ടായെന്നും അവശനിലയിലാണെന്നും പറഞ്ഞ് ദീക്ഷിത്ത് തന്നെയാണ് വൈഷ്‌ണവിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. തുടർന്ന് വൈഷ്‌ണവിയുടെ അച്ഛനും അമ്മയും സ്‌ഥലത്തെത്തി. ഇതിനിടെ വൈഷ്‌ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതിയുടെ മരണത്തിൽ തുടക്കം മുതലേ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണമാണ് നടത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. തുടർന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ ദീക്ഷിത്തിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് വൈഷ്‌ണവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ദീക്ഷിത്തിന്റെ മൊഴി. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്. പ്രതിയുമായി പോലീസ് ഇന്ന് വീട്ടിൽ തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘവും വീട്ടിൽ പരിശോധന നടത്തി. വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്‌ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്‌ണവി. 2024 മേയ് 19നായിരുന്നു വൈഷ്‌ണവിവിയുടെയും ദീക്ഷിതിന്റെയും വിവാഹം. കല്യാണം കഴിഞ്ഞ് ഒന്നരവർഷമായെങ്കിലും ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിയില്ല.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ