കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ താഴെഅങ്ങാടിയിൽ കടകളിൽ പരിശോധനക്ക് എത്തിയ നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരെ ഒരു സംഘം തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടിപി ബിജു, രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോതി ബസാറിലും പരിസരത്തും നടത്തിയ പരിശോധനയെ ഒരു സംഘം ചോദ്യം ചെയ്യുകയും തടയുകയുമായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രാത്രി കച്ചവടം നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് അധികൃതർ പരിശോധനക്ക് എത്തിയത്. എന്നാൽ കച്ചവടം സജീവമായ സമയത്ത് പരിശോധന നടത്തുന്നത് ശരിയല്ലെന്ന് വ്യാപാരികൾ വാശിപിടിച്ചതോടെ വാക്കു തർക്കവും സംഘർഷവും ഉണ്ടായി. തുടർന്ന് എസ്ഐ കെഎ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ആളുകളെ നീക്കിയത്.
പരിശോധനക്ക് എത്തിയ അധികൃതരും, വ്യാപാരികളും തമ്മിൽ ഉണ്ടായ സംഘർഷം പകർത്തിയ പ്രാദേശിക ചാനൽ പ്രവർത്തകനെ തടയാനും ശ്രമം നടന്നു. അതേസമയം തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ച കടകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.
Read also : കേരള സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ



































