കൊച്ചി: ബിൽ നൽകാത്ത കടകൾക്കും ഇതര സ്‌ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് മിന്നൽ പരിശോധന പുനഃരാരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ പിഴയായി 20,000 രൂപ ഈടാക്കും. കൂടാതെ ബില്ലുകളുടെ നികുതിയും അതിന് തുല്യമായ പിഴയും അടപ്പിക്കും.
ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ വിപണി സജീവമായെങ്കിലും ഉപഭോക്‌താക്കൾക്ക് ബിൽ ലഭിക്കുന്നില്ലെന്ന് പരാതി വ്യാപകമായതോടെയാണ് കർശന നടപടിക്കു ജിഎസ്‌ടി കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
ബിൽ വാങ്ങാൻ ഉപഭോക്‌താക്കളെ പ്രേരിപ്പിക്കാനായി ബില്ലുകൾ നറുക്കെടുത്തു സമ്മാനം നൽകുന്നതും പരിഗണനയിലുണ്ട്. സംസ്‌ഥാനത്തെ 90 ഇന്റലിജൻസ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ നാളെ പരിശോധന ആരംഭിക്കും. മാസം നിശ്‌ചിത എണ്ണം പരിശോധന നടത്താൻ സ്‌ക്വാഡുകൾക്കു നിർദ്ദേശമുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളിൽ ചില സ്‌ഥാപനങ്ങളിൽ നടത്തിയ ടെസ്‌റ്റ് റെയ്‌ഡി ബിൽ കൊടുക്കാത്ത അൻപതിലധികം സംഭവങ്ങൾ കണ്ടെത്തിയിരുന്നു. വ്യാപാരികൾക്കുള്ള മുന്നറിയിപ്പും ഉപഭോക്‌താവിനുള്ള ബോധവൽക്കരണവുമായി പരിശോധനയെ കാണണമെന്ന് ജിഎസ്‌ടി അധികൃതർ അഭ്യർഥിച്ചു.
Read Also: പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്