കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ അനസ്‌തീസിയ ഡോക്‌ടർമാരുടെ എണ്ണം കുറഞ്ഞതോടെ ശസ്‌ത്രക്രിയകളുടെ എണ്ണം കുറയ്‌ക്കുന്നതായി മനോരമ റിപ്പോർട്. അനസ്‌തീസിയ വിഭാഗത്തിൽ 21 പേരിൽ 7 ഡോക്‌ടർമാരുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണെന്നും ആകെ ഉണ്ടായിരുന്ന 16 സീനിയർ റസിഡന്റുമാരിൽ 12 പേരുടെ കാലാവധിയും കഴിഞ്ഞതോടെയാണ് എല്ലാ വിഭാഗം ശസ്‌ത്രക്രിയകളും പ്രതിസന്ധിയിലാകുന്നതെന്നും റിപ്പോർട്ട് പറയുന്നു.
എച്ച്ഡിഎസ് നിയമിച്ച 4 അനസ്തെറ്റിസ്‌റ്റുകളിൽ 3 പേരും സേവനകാലാവധി കഴിഞ്ഞു പോയി. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് എല്ലാ അത്യാഹിത വിഭാഗത്തിലും തിയറ്ററുകളിലും അനസ്‌തീസിയ ഡോക്‌ടർമാർക്ക് ഡ്യൂട്ടി ചെയ്യണം. പിഎംഎസ്എസ്‌വൈ ബ്‌ളോക്ക്, മാതൃശിശുസംരക്ഷണ കേന്ദ്രം, ഓർത്തോ വിഭാഗത്തിന്റെ പ്രത്യേകമായുള്ള അത്യാഹിത വിഭാഗം അടക്കം 3 അത്യാഹിത വിഭാഗത്തിലും ഇവരുടെ സേവനം വേണം. ഇത്രയും ഡോക്‌ടർമാരുടെ കുറവ് എല്ലാ വിഭാഗത്തിലെയും ശസ്‌ത്രക്രിയകളെ ഗുരുതരമായി ബാധിക്കും.
മറ്റ് വിഭാഗങ്ങളിൽ നിന്നു വ്യത്യസ്‌തമായി സങ്കീർണ വിഭാഗമായതിനാൽ പരിചയമുള്ള അസ്‌തീസിയ ഡോക്‌ടർമാരുടെ സേവനം അത്യാവശ്യമാണെന്ന് അധികൃതർ പറയുന്നു. അതിനാൽ തിയറ്റർ ഡ്യൂട്ടി വെട്ടിക്കുറയ്‌ക്കേണ്ട സ്‌ഥിതിയാണ്. അത്യാവശ്യമില്ലാത്ത ശസ്‌ത്രക്രിയകളുടെ എണ്ണം കുറയ്‌ക്കുന്നത് കൂടാതെയാണിത്. അത്യാഹിത വിഭാഗത്തിലെ പുതുതായി തുടങ്ങിയ ഓർത്തോ ശസ്‌ത്രക്രിയ ടേബിളിലെ ശസ്‌ത്രക്രിയകൾക്കാണ് നിയന്ത്രണം പ്രധാനമായും ഏർപ്പെടുത്തുക.
രോഗികൾക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ശസ്‌ത്രക്രിയ ടേബിളുകൾ ക്രമപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം എച്ച്ഡിഎസ് അനസ്‌തീസിയ ഡോക്‌ടർമാരെ നിയമിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഡോക്‌ടർമാരെ കിട്ടാനില്ലാത്ത അവസ്‌ഥയാണ്. 12 മണിക്കൂറാണ് ഇവിടെ ഡ്യൂട്ടി സമയം. ആളില്ലെങ്കിൽ ഡബിൾ ഡ്യൂട്ടിയും എടുക്കേണ്ടിവരുന്നു.
20 സ്‌റ്റാഫ് ഡോക്‌ടർമാരെങ്കിലും വേണ്ട ഓർത്തോ വിഭാഗത്തിൽ ആകെയുള്ളത് 13 പേരാണ്. ഒരു പ്രഫസറും 3 അസോഷ്യേറ്റ് പ്രഫസറും 8 അസിസ്‌റ്റന്റ് പ്രഫസറുമാണുള്ളത്. പിജി കഴിഞ്ഞ സീനിയർ റസിഡന്റ് ഡോക്‌ടർമാർമാരുടെ 9 തസ്‌തികയുള്ളത് വെട്ടിക്കുറച്ച് ആറാക്കി. ദിവസം 25 ശസ്‌ത്രക്രിയകളാണ് മെഡിക്കൽ കോളജ് എല്ലുരോഗ വിഭാഗത്തിന്റെ കീഴിൽ ദിവസം നടക്കുന്നത്. മാസത്തിൽ ഏതാണ്ട് 700 ശസ്‌ത്രക്രിയകൾ നടക്കുന്നതായും റിപ്പോർട് പറയുന്നു.
MOST READ | ദിവ്യയെ അറസ്‌റ്റ് ചെയ്‌താൽ സിപിഎം ഉന്നതന്റെ ഇടപാടുകള്‍ പുറത്താകും; കെ സുരേന്ദ്രൻ