ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും. പിന്നീട് യുഎസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ഒരാഴ്‌ച മെഡിക്കൽ വിദഗ്‌ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ഇതിന് ശേഷമേ ശുഭാംശു ഇന്ത്യയിലേക്ക് മടങ്ങൂ. ബഹിരാകാശത്ത് ശുഭാംശു ശുക്ള ഏഴ് പരീക്ഷണങ്ങൾ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01നായിരുന്നു ആക്‌സിയോം-4ന്റെ വിക്ഷേപണം. 26നാണ് സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്.
നിലയത്തിൽ 433 മണിക്കൂറാണ് ഇവർ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകൾ സഞ്ചരിച്ചു. യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്‌തു.
ആശയവിനിമയത്തിലെ തകരാർ കാരണം പത്ത് മിനിറ്റ് താമസിച്ചാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്. ഇതേത്തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് മടക്കയാത്ര തുടങ്ങി. 23 മണിക്കൂറോളം നീളുന്നതാണ് യാത്ര. പൂർണമായും സ്വയം നിയന്ത്രിതമായാണ് ഡ്രാഗണിന്റെ ഇനിയുള്ള സഞ്ചാരം. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്.
സാങ്കേതിക പ്രശ്‌നം കാരണം എഴുതവണയാണ് ദൗത്യം മാറ്റിവെച്ചത്. ശുഭാംശുവിന്റെ കണ്ടുപിടിത്തങ്ങൾ രാജ്യത്തിന്റെ സ്വപ്‌ന പദ്ധതികളായ ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ് ഭവൻ സ്‌പേസ് സ്‌റ്റേഷൻ എന്നിവയ്‌ക്ക് കൂടുതൽ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ശുഭാംശു ശുക്ള.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!