തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് അലിക്ക് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും വിധിച്ചു. തട്ടിക്കൊണ്ടുപോകൽ, കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ പ്രതിക്കെതിരെ രണ്ട് ജീവപര്യന്തം വിധിച്ചെങ്കിലും ഇവ ഒന്നിച്ചു അനുഭവിച്ചാൽ മതി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 17 വർഷം മുമ്പായിരുന്നു സംഭവം.
പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്തായ മുഹമ്മദ് അലി തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെട്ടുത്തിയത്. ആൻഡമാൻ സ്വദേശിയാണ് മുഹമ്മദ് അലി. മുഹമ്മദ് അലിയും നേപ്പാൾ സ്വദേശിയായ ദുർഗ ബഹദൂറും ചേർന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കിൽകെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. ചാക്കുകെട്ടിൽ നിന്നുള്ള ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. 2005 ഒക്‌ടോബർ 13ന് ആണ് കോവളം ബൈപ്പാസിന് സമീപം ശ്യാമൾ മണ്ഡലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒന്നാം പ്രതി ദുർഗ ബഹദൂർ ഭട്ട് ഛേത്രി ഒളിവിലാണ്. രണ്ടാം പ്രതിയായ മുഹമ്മദ് അലിയാണ് നിലവിൽ വിചാരണ നേരിടുന്നത്.
Most Read: ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ചു; കേരളത്തിൽ 5 ദിവസം കൂടി മഴ






































