കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരമല്ലെന്ന് കണ്ടെത്തിയത്.
വൈറൽ പനിയെ തുടർന്ന് തിങ്കളാഴ്‌ചയാണ് കുട്ടികളെ മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയിൽ സനൂപിന്റെ മകൾ അനയ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
അനയയും സഹോദരങ്ങളും മൂന്നാഴ്‌ച മുൻപ് വീടിന് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. മൂന്നുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചുപേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഉള്ളത്.
Most Read| വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്‌തമാകുന്നു