തിരുവനന്തപുരം : സംസ്‌ഥാനത്ത് വ്യാപകമായ എതിർപ്പുകൾ തുടരുന്ന സാഹചര്യത്തിലും സിഡ്കോയിൽ താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിയമപരമായ എതിർപ്പുകൾ മുന്നിൽ നിൽക്കുന്ന സ്‌ഥാനത്താണ് ഇപ്പോൾ സ്‌ഥിരനിയമനവുമായി അധികൃതർ മുന്നോട്ട് പോകുന്നത്. സാധാരണയായി മറ്റ് വകുപ്പുകളിൽ 10 വർഷം ജോലി ചെയ്‌ത ആളുകളെയാണ് സ്‌ഥിരപ്പെടുത്തുന്നതെങ്കിൽ ഇവിടെ 7 വർഷം പൂർത്തിയായവരെയും സ്‌ഥിരപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
സ്‌ഥിരനിയമനവുമായി ബന്ധപ്പെട്ട നടപടികൾക്കായി ജീവനക്കാരുടെ വിവരങ്ങൾ സർക്കാരിന് സമർപ്പിക്കാൻ യൂണിറ്റ് മാനേജർമാർക്ക് നിർദേശം നൽകിയിരുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കു കീഴിലെ താൽക്കാലിക ജീവനക്കാരുടെ വിവരശേഖരണം തദ്ദേശവകുപ്പും തുടങ്ങിയിട്ടുണ്ട്. ദിവസ വേതനാടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ചോദിച്ച് പഞ്ചായത്ത് ഡയറക്‌ടർ കത്തയച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 10 വർഷത്തിൽ അധികമായി ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ കൈമാറണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർമാർക്ക് നിർദേശവും നൽകി.
താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നത് 10 വർഷത്തിൽ അധികമായി ജോലി ചെയ്‌തവരോടുള്ള മാനുഷിക പരിഗണനയെന്ന രീതിയിലാണ്. അതേസമയം തന്നെ, ഈ ജോലികളിലേക്ക് പിഎസ്‌സി പരീക്ഷ എഴുതി ലക്ഷക്കണക്കിന് ആളുകളിൽ നിന്നും തിരഞ്ഞെടുത്ത് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളോട് മാനുഷിക പരിഗണന കാണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
Read also : കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം





































