കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ ഇടപെട്ട് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്‌ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഉചിതമായ വിജ്‌ഞാപനം പുറപ്പെടുവിക്കണം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും കോടതി വ്യക്‌തമാക്കി.
എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു. 18 ദിവസം വൈകിയാണ് സംസ്‌ഥാന സർക്കാർ രേഖകൾ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ളറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി ജയപ്രകാശ് നൽകിയ ഹരജിയിലാണ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. ഹരജി വീണ്ടും ഒമ്പതിന് പരിഗണിക്കും. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, മാർച്ച് 26ന് സംസ്‌ഥാന സർക്കാർ രേഖകൾ കൈമാറിയെന്ന് പബ്ളിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്‌തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥന്റെ മരണത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഹൈക്കോടതി മുൻ ജഡ്‌ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുൻ വയനാട് ഡിവൈഎസ്‌പി വി.ജി കുഞ്ഞനെ അന്വേഷണ സഹായിയായും നിയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| ‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ








































