കണ്ണൂർ: സിൽവർ ലൈൻ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണെന്നും, പരിസ്ഥിതി വിഷയങ്ങൾ പരിഗണിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പോളിറ്റ് ബ്യൂറോ അംഗം ബിമൽ ബോസ്. കേന്ദ്ര സർക്കാരിനെതിരായ ബദലാണ് കേരള മോഡലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വീണ്ടും ഹരിതാഭമാക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ.
കേരള സർക്കാർ ശ്രമിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനാണെന്നും ബിമൽ ബോസ് ചൂണ്ടിക്കാട്ടി. 23ആം പാർട്ടി കോൺഗ്രസോടെ എല്ലാ പാർട്ടി കമ്മിറ്റി സ്ഥാനങ്ങളും ഒഴിയുമെന്ന് വ്യക്തമാക്കിയ ബിമൽ ബോസ് തീരുമാനം യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണെന്നും അറിയിച്ചു. ജീവനുള്ള കാലം വരെ താൻ പാർട്ടി പ്രവർത്തകനായി തുടരുമെന്നും ബിമൽ ബോസ് പറഞ്ഞു.
ഏപ്രിൽ ആറിന് കണ്ണൂരിൽ കൊടിയേറിയ പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും.
Most Read: കെഎസ്ആർടിസി ശമ്പള വിതരണം പ്രതിസന്ധിയിൽ; കെ സ്വിഫ്റ്റ് സർവീസുകൾ നാളെ മുതൽ







































