ന്യൂഡെല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ടിരുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 75083 കോവിഡ് കേസുകളാണ്. കഴിഞ്ഞ കുറെ ആഴ്‌ചകളായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും പോസിറ്റീവ് കേസുകളില്‍ ഇന്നലെ കുറവുണ്ടായി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോള്‍ 55 ലക്ഷം കടന്നു. 5562663 ആളുകള്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 1053 ആണ്. ഇതോടെ ആകെ മരണസംഖ്യ 88935 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള ആളുകളുടെ എണ്ണം 975861 ആണ്. 80.86 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് ഉയര്‍ച്ച ഉണ്ടാകുന്നുണ്ട്. രോഗവ്യാപനം കൂടുമ്പോഴും ആശ്വാസം പകരുന്നത് രോഗമുക്തരാകുന്ന ആളുകളുടെ എണ്ണമാണ്.
Read also : ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്
പരിശോധനക്ക് അയച്ച സാമ്പിളുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കുറവായിരുന്നെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. സാമ്പിളുകളില്‍ വന്ന കുറവാണ് രോഗ ബാധിതരുടെ എണ്ണത്തിലും കുറവ് ഉണ്ടാകാന്‍ കാരണമായത് എന്നാണ് കരുതുന്നത്. രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തില്‍ 12 ഓളം സംസ്ഥാനങ്ങളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 15738 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 16000 ത്തോളം ആളുകള്‍ക്ക് രോഗമുക്തിയും ഉണ്ടായി. ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രോഗ ബാധിതരായവരുടെ എണ്ണം 2548 ആയി കുറഞ്ഞു. കുറെ ദിവസങ്ങളിലായി 4000 നു മുകളിലാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മധ്യപ്രദേശില്‍ 2525 പേര്‍ക്കും ഹരിയാനയില്‍ 1818 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
Read also : ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം








































