തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. മേമല സ്വദേശിനി വസന്തയ്‌ക്കാണ് ഗുളികയിൽ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നൽകിയ സി- മോക്‌സ് ക്യാപ്‌സ്യൂളിലായിരുന്നു സൂചി.
ഗുളികയ്‌ക്കുള്ളിൽ മരുന്നില്ലെന്ന് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. പിന്നാലെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. വിതുര പോലീസിലും മെഡിക്കൽ ഓഫീസർക്കും വസന്ത പരാതി നൽകി.
തുടർന്ന് വസന്തയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്‌ടർ ഡോ. കെഎസ് ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയിൽ നിന്ന് മൊഴിയെടുത്തു.
മൊട്ടുസൂചിയും ക്യാപ്‌സ്യൂളും വിശദമായ പരിശോധനയ്‌ക്കായി സംഘം കസ്‌റ്റഡിയിലെടുത്തു. ഗുളികയ്‌ക്കുള്ളിൽ മൊട്ടുസൂചി എങ്ങനെ വന്നുവെന്ന് വ്യക്‌തതയില്ല. വിശദമായ പരിശോധനയ്‌ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും ഡോ. കെഎസ് ഷിബു പറഞ്ഞു. ഗുളിക പുറത്തിറക്കിയ മെഡിക്കൽ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാമ്പിളുകൾ ശേഖരിക്കാനും ആരോഗ്യവകുപ്പ് ഡയറക്‌ടർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































