ന്യൂഡെൽഹി: 2024ൽ അമേഠിയിൽ മൽസരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്‌മൃതിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാൽമക സമീപനത്തിൽ മാറ്റം വരുത്തിയതെന്ന ചോദ്യത്തിന്, 2024ൽ ഗാന്ധി കുടുംബം എന്നോട് പോരാടാൻ വിസമ്മതിച്ചു എന്നായിരുന്നു സ്‌മൃതിയുടെ മറുപടി. അതുകൊണ്ടുതന്നെ, രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്നുമാണ് സ്‌മൃതി ഇറാനിയുടെ പരാമർശം.
2024ലും രാഹുൽ ഗാന്ധിയായിരുന്നു കോൺഗ്രസ് സ്‌ഥാനാർഥിയെങ്കിൽ താൻ വീണ്ടും പരാജയപ്പെടുത്തുമായിരുന്നു എന്നും സ്‌മൃതി ഇറാനി പറഞ്ഞു. ”പരാജയ ഭീതി കൊണ്ടാണ് രാഹുൽ അമേഠിയിൽ മൽസരിക്കാതിരുന്നത്. 2024ൽ ഗാന്ധി കുടുംബം എന്നോട് യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. അവർ യുദ്ധക്കളത്തിൽ പോലും പ്രവേശിച്ചില്ല. പിന്നെ എനിക്ക് എന്ത് പറയാൻ കഴിയും?
അമേഠി എളുപ്പമുള്ള സീറ്റല്ല. ചരിത്രം അത് തെളിയിക്കുന്നു. ശരത് യാദവ് പോലുള്ള മുതിർന്ന നേതാക്കൾ അവിടെ പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആളായിരുന്നിട്ടും മേനക ഗാന്ധി പോലും അമേഠിയിൽ പരാജയപ്പെട്ടു”- സ്‌മൃതി ഇറാനി പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്‌ഥാനാർഥിയായ കെഎൽ ശർമയാണ് അമേഠിയിൽ സ്‌മൃതിയെ പരാജയപ്പെടുത്തിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!