ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ലാവലിൻ കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ 2017-ലാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കഴിഞ്ഞ ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ സിബിഐയാണ് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് കോടതിയിൽ ഹാജരായത്.
ഹരജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാല്‍വെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഓഗസ്റ്റില്‍ താന്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗം ആയിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്തും അറിയിച്ചു. തുടര്‍ന്ന് ഹരജി സെപ്റ്റംബര്‍ 12ന് പരിഗണിക്കാനായി ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റുകയായിരുന്നു.
ഹൈക്കോടതി പരിധിയിൽ വരുന്ന വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹരജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. 2017ൽ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലുള്ള എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേട് ഉണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. ലാവലിൻ കേസിൽ പ്രതികളായിരുന്ന പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ 2017ൽ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
Most Read| നിപ സംശയം; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്- ഉന്നതതല യോഗം ചേരും








































