ആലപ്പുഴ: എസ്‌എൻഡിപി ശാഖ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) ആണ് ആത്‍മഹത്യ ചെയ്‌തത്. സത്യസന്ധമായി പ്രവർത്തിച്ചിട്ടും തന്നെ തകർക്കാൻ ശ്രമിക്കുവെന്ന് പോലീസ് കണ്ടെടുത്ത ആത്‍മഹത്യ കുറിപ്പിൽ രാജു വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് രാജുവിനെ ഓഫിസിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ രാജുവിനെ കണ്ടത്.
എസ്‌എൻടിപിയുടെ വലിയ ശാഖകളിൽ ഒന്നാണ് പുറക്കാടുള്ളത്. അയ്യായിരത്തിൽ അധികം അംഗങ്ങളുള്ള അമ്പലവുമുണ്ട്. സംഘടനാ പ്രശ്‌നങ്ങൾ കാരണമാണ് ആത്‍മഹത്യയെന്നാണ് രാജുവിന്റെ കുറിപ്പിൽ നിന്ന് വ്യക്‌തമാകുന്നതെന്ന് പോലീസ് പറയുന്നു. സത്യസന്ധമായി പ്രവർത്തിച്ചിരുന്നത് കൊണ്ടുതന്നെ രാജുവിനെതിരെ ഒരു സംഘം പ്രവർത്തിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ രാജുവിനെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നു. പോലീസിൽ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു.
മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോകും. ശേഷം ബന്ധുക്കൾക്ക് കൈമാറും.
Also Read: പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ