ന്യൂഡെൽഹി: തങ്ങളുടെ രാഷ്‌ട്രീയ അജണ്ടക്ക് അനുയോജ്യമായ രീതിയിൽ ചിലർ മനുഷ്യാവകാശങ്ങളെ വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം കാപട്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായക്ക് പോറലേൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാട് മനുഷ്യാവകാശ സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും വ്യക്‌തികളുടെയോ സംഘടനകളുടെയോ പേരെടുത്തു പറയാതെ മോദി വിമർശിച്ചു.
“ചില ആളുകൾ ചില സംഭവങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നു, പക്ഷേ സമാനമായ മറ്റ് സംഭവങ്ങളിൽ അത് കാണുന്നില്ല. രാഷ്‌ട്രീയത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ‘സെലക്‌ടീവ് പെരുമാറ്റം’ ജനാധിപത്യത്തിന് ഹാനികരവും രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതുമാണ്. അത്തരം രാഷ്‌ട്രീയത്തെക്കുറിച്ച് നമ്മൾ ജാഗ്രത പാലിക്കണം,”- 28ആമത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്‌ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
‘മനുഷ്യാവകാശ രാഷ്‌ട്രീയ’ത്തിൽ നിന്ന് വ്യത്യസ്‌തമായി, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിൽ എൻഎച്ച്ആർസി ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഹിംസയിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ബാപ്പുവിനെ ലോകം മനുഷ്യാവകാശങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായി കാണുന്നുവെന്ന് മഹാത്‌മാ ഗാന്ധിയെ വാഴ്‌ത്തിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ്’ എന്നിവയുമായി ഇന്ത്യ മുന്നോട്ട് പോകുന്നു. എല്ലാവർക്കും മനുഷ്യാവകാശം ഉറപ്പുവരുത്തുക എന്ന അടിസ്‌ഥാന തത്വത്തിൽ കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. എല്ലാ പദ്ധതികളുടെയും പ്രയോജനം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്,”- മോദി കൂട്ടിച്ചേർത്തു.
#WATCH | …Some people see human rights violations in some incidents but not in other similar incidents. Human rights are violated when viewed via political spectacles. Selective behaviour harmful to democracy. They attempt to harm nation’s image through selective behaviour.: PM pic.twitter.com/5RsaIkMExw
— ANI (@ANI) October 12, 2021
Most Read: ലഖിംപൂർ; കർഷകരുടെ ചിതാഭസ്‌മം കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക് ഇന്ന് തുടക്കം






































