പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനായ സനൽ പോലീസ് പിടിയിൽ. മൈസൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സഹോദരൻ വിളിച്ചു വരുത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസിന് കൈമാറുകയാണ് ചെയ്‌തത്. തുടർന്ന് ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
സനലിനെ കണ്ടെത്തുന്നതിനായി പോലീസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ബെംഗളൂരുവിൽ എത്തിയ സനൽ പിന്നീട് മൈസൂരിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇന്ന് സനലിനെ പിടികൂടുന്നത്. അതേസമയം മരിച്ച ദമ്പതികളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുന്നത്.
ഇന്നലെ പുലർച്ചയോടെയാണ് പുതുപ്പരിയാരം പ്രതീക്ഷ നഗറിലെ വീടിനുള്ളിലാണ് വൃദ്ധ ദമ്പതികളായ ചന്ദ്രൻ(64), ദേവി(55) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം സനൽ നാട് വിടുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകം നടന്ന വീട്ടിൽ നിന്നും കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പോലീസിന്റെ സംശയവും ബലപ്പെടുത്തിയിട്ടുണ്ട്.
Read also: ഡെൽറ്റയും ഒമൈക്രോണും ചേർന്ന ‘ഡെൽറ്റക്രോൺ’; വ്യാപനശേഷി അറിയാൻ പഠനം