ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ വി വിഘ്‌നേശ്വരി ഉറപ്പ് നൽകി.
സോഫിയയുടെ മകൾക്ക് ജോലി നൽകുന്നത് ശുപാർശ ചെയ്യും. കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും കളക്‌ടർ അറിയിച്ചു. ഇതോടെ, സ്‌ഥലത്ത് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. നെല്ലിവിള പുത്തൻ വീട്ടിൽ ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് ഇന്നലെ വൈകിട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ നടന്ന് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കൊമ്പൻപാറ ടിആർ ആൻഡ് ടീം എസ്‌റ്റേറ്റിൽ വെച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് മകൻ നടത്തിയ തിരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ നേരം മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചിരുന്നു. പിന്നീട് ആന പോയെങ്കിലും ജില്ലാ കളക്‌ടർ എത്തിയതിന് ശേഷമേ മൃതദേഹം മാറ്റൂ എന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം സ്‌ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞത്. സോഫിയയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും.
ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുടനായ കാട്ടാന ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്‌ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്