സോൾ: ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ അറസ്‌റ്റിൽ. കഴിഞ്ഞ മാസം രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക് യോലിനെ അറസ്‌റ്റ് ചെയ്‌തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇദ്ദേഹത്തെ ഈയടുത്ത് പാർലമെന്റ് ഇംപീച്ച് ചെയ്‌തിരുന്നു.
ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട ആദ്യത്ത പ്രസിഡണ്ടാണ് യൂൻ. ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്‌ഥരും പോലീസുകാരും എത്തിയാണ് യൂനിനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് വിവരം. വസതിക്ക് മുന്നിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ച് ഉദ്യോഗസ്‌ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു.
ജനുവരി മൂന്നിന് യൂനിനെ അറസ്‌റ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. അന്ന് അറസ്‌റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫീസ് ഉദ്യോഗസ്‌ഥരെ പ്രസിഡണ്ടിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്ന് തടയുകയായിരുന്നു. പ്രസിഡണ്ടിന്റെ വസതിക്ക് ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ ആറ് മണിക്കൂറോളം നീണ്ട സംഘർഷത്തിന് ശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്‌ഥർ മടങ്ങുകയായിരുന്നു.
യുഎസ് പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപിന് അറസ്‌റ്റിൽ നിന്ന് ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്ന് യൂൻ ആവശ്യപ്പെട്ടതോടെയാണ് അനുയായികൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത്. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്ന് വിലയിരുത്തിയ ഡിസ്‌ട്രിക്‌ട് കോടതിയാണ് അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം മൂന്നിന് യൂൻ രാജ്യത്ത് അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നതായും സമാന്തര സർക്കാർ ഉണ്ടാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂൻ സുക് പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ, യൂനും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ സ്‌ഥിതിഗതികൾ വഷളാക്കി. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂൻ അടിയന്തിര പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാൽ, കടുത്ത എതിർപ്പിനെ തുടർന്ന് ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞ ഡിസംബർ 14ന് പാർലമെന്റ് പാസാക്കി.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും








































