തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. അതുല്യ പ്രതിഭയ്‌ക്ക് മലയാളക്കരയാകെ അന്ത്യാഞ്‌ജലി അർപ്പിച്ചു.
എറണാകുളം ടൗൺ ഹാളിലും ഉദയംപേരൂരിലെ വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ ഏത് ഭാവത്തെയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്.
നർമവും പരിഹാസവും വിമർശനവും പ്രണയവും സൗഹൃദവും സ്‌നേഹവും നിരാശയും അതിന്റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിച്ച ജീനിയസ്. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്‌ഥിരീകരിച്ചു.
ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ നിസ്സഹായരായ പച്ചയായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും സൂക്ഷ്‌മമായി തന്നെ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. ജീവിതാനുഭവങ്ങളുടെ അലകടലിൽ നിന്ന് തിരയടിക്കുമ്പോഴാണ് ശ്രീനിവാസന്റെ ചിരികൾക്ക് ജീവനുണ്ടാകുന്നത്. ശ്രീനിവാസനിൽ ചിരിയില്ലാത്ത സംഭാഷണങ്ങളില്ല. പ്രേക്ഷകനെ ചിരിപ്പിക്കുന്നതിനപ്പുറം ചിന്തിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പാഠവം കാലാതീതമാണ്.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്




































