തിരുവനന്തപുരം: സഞ്‌ജു സാംസണെ പിന്തുണച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്‌ജു സാംസണിനെ പിന്തുണച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും കെസിഎക്കെതിരെ താൻ പറഞ്ഞിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ പ്രതികരണം.
തനിക്ക് കെസിഎ പ്രസിഡണ്ടോ സെക്രട്ടറിയോ ആകാൻ താൽപര്യമില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീശാന്തിന്റെ പ്രതികരണം. ”എന്ത് തെറ്റാണ് ഞാൻ ചെയ്‌തതെന്ന് അറിയില്ല. സഞ്‌ജുവിനെ പിന്തുണച്ചു എന്നതല്ലാതെ അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരള താരങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ കളിച്ചിരുന്നെങ്കിൽ അത് കൂടുതൽ നന്നാകുമായിരുന്നു. അത്ര മാത്രമാണ് താൻ പറഞ്ഞത്.
ടിനുചേട്ടനെ പോലുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. അങ്ങനെയുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും. അസോസിയേഷനിൽ ഉള്ളവർ തന്റെ വാക്ക് വളച്ചൊടിച്ചു. തന്നെ എന്തിനാണ് ലക്ഷ്യവെയ്‌ക്കുന്നതെന്ന് മനസിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരാഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല.
ഇതിനെല്ലാം പിന്നിൽ എന്താണെന്ന് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങൾ നാട്ടുകാർ തീരുമാനിക്ക്. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്‌ജുവിനെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കളിക്കുന്ന ഏത് ക്രിക്കറ്റ് താരത്തെയും ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും പിന്തുണച്ചിരിക്കും” – ശ്രീശാന്ത് പ്രതികരിച്ചു.
സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് ശ്രീശാന്തിനെതിരെ കെസിഎ നടപടി സ്വീകരിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് കെസിഎ അറിയിക്കുകയായിരുന്നു.
കൊച്ചിയിൽ ചേർന്ന അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. ഇന്ത്യൻ ടീമിൽ സഞ്‌ജു ഇടംപിടിക്കാതിരിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന് പങ്കുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരാമർശത്തിന് പിന്നാലെ ശ്രീശാന്തിന് കെസിഎ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
എന്നാൽ, ശ്രീശാന്ത് നൽകിയ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് വിലക്കിലേക്ക് കടന്നതെന്നാണ് കെസിഎ അറിയിക്കുന്നത്. ശ്രീശാന്തിന്റെ പരാമർശത്തിന് വാതുവയ്‌പ്പ് കേസ് ചൂണ്ടിക്കാട്ടിയാണ് കെസിഎ മറുപടി നൽകിയത്. വാതുവയ്‌പ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്‌തനായിട്ടില്ല. കുറ്റം നിലനിൽക്കെ ശ്രീശാന്തിന് രഞ്‌ജി ട്രോഫിയിൽ അവസരം നൽകി. കെസിഎയുടെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ ഭാരവാഹികൾ തുറന്നടിച്ചിരുന്നു.
Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്